2 രാജാക്കന്മാർ 4 : 1 (MOV)
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 2 (MOV)
എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.
2 രാജാക്കന്മാർ 4 : 3 (MOV)
അതിന്നു അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു.
2 രാജാക്കന്മാർ 4 : 4 (MOV)
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 5 (MOV)
അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.
2 രാജാക്കന്മാർ 4 : 6 (MOV)
പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
2 രാജാക്കന്മാർ 4 : 7 (MOV)
അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 8 (MOV)
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിർബ്ബന്ധിച്ചു. പിന്നെത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
2 രാജാക്കന്മാർ 4 : 9 (MOV)
അവൾ തന്റെ ഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.
2 രാജാക്കന്മാർ 4 : 10 (MOV)
നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാൽക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 11 (MOV)
പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
2 രാജാക്കന്മാർ 4 : 12 (MOV)
അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു.
2 രാജാക്കന്മാർ 4 : 13 (MOV)
അവൻ അവനോടു: നീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവൾ: ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 14 (MOV)
എന്നാൽ അവൾക്കു വേണ്ടി എന്തുചെയ്യാമെന്നു അവൻ ചോദിച്ചതിന്നു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 15 (MOV)
അവളെ വിളിക്ക എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു.
2 രാജാക്കന്മാർ 4 : 16 (MOV)
അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 17 (MOV)
ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
2 രാജാക്കന്മാർ 4 : 18 (MOV)
ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.
2 രാജാക്കന്മാർ 4 : 19 (MOV)
അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 20 (MOV)
അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കെണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
2 രാജാക്കന്മാർ 4 : 21 (MOV)
അപ്പോൾ അവൾ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടെച്ചു പുറത്തിറങ്ങി.
2 രാജാക്കന്മാർ 4 : 22 (MOV)
പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 23 (MOV)
അതിന്നു അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവൾ പറഞ്ഞു.
2 രാജാക്കന്മാർ 4 : 24 (MOV)
അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടു: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുതു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 25 (MOV)
അവൾ ചെന്നു കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തുകണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്നു അവളെ എതിരേറ്റു:
2 രാജാക്കന്മാർ 4 : 26 (MOV)
സുഖം തന്നേയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവൾ പറഞ്ഞു.
2 രാജാക്കന്മാർ 4 : 27 (MOV)
അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 28 (MOV)
ഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്നു അവൾ പറഞ്ഞു.
2 രാജാക്കന്മാർ 4 : 29 (MOV)
ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 30 (MOV)
എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി.
2 രാജാക്കന്മാർ 4 : 31 (MOV)
ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു.
2 രാജാക്കന്മാർ 4 : 32 (MOV)
എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.
2 രാജാക്കന്മാർ 4 : 33 (MOV)
താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു.
2 രാജാക്കന്മാർ 4 : 34 (MOV)
പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
2 രാജാക്കന്മാർ 4 : 35 (MOV)
അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
2 രാജാക്കന്മാർ 4 : 36 (MOV)
അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 37 (MOV)
അവൾ അകത്തുചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.
2 രാജാക്കന്മാർ 4 : 38 (MOV)
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 39 (MOV)
ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
2 രാജാക്കന്മാർ 4 : 40 (MOV)
അവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 41 (MOV)
അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
2 രാജാക്കന്മാർ 4 : 42 (MOV)
അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
2 രാജാക്കന്മാർ 4 : 43 (MOV)
അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4 : 44 (MOV)
അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44